Thursday, September 12, 2024

ചന്തു എന്ന ഹീത്ക്ലിഫ് : വീരഗാഥയില്‍ ഒരു ഇംഗ്ലീഷ് പാഠം




സുപ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരി എമിലി ബ്രോണ്ടെ രചിച്ച വിശ്വ പ്രസിദ്ധമായ "വതറിംഗ് ഹൈറ്റ്സ്" എന്ന കൃതി ലോക സാഹിത്യത്തിലെ താരതമ്യമില്ലാത്ത രചനകളില്‍ ഒന്നാണ് . ബാല്യത്തിന്‍റെയും പ്രണയത്തിന്‍റെയും പകയുടെയും പ്രതികാരത്തിന്‍റെയും സങ്കീര്‍ണമായ ഒരിതിഹാസം. അതിലൊക്കെയപ്പുറം ആ കഥ നടക്കുന്ന പശ്ചാത്തലം നോവല്‍ നമ്മെ അനുഭവിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. മഞ്ഞും കാറ്റും വീശിയടിക്കുന്ന വിജനമായ യോര്‍ക്ക് ഷയറിലെ കൃഷിഭൂമികള്‍, പാഴ്ച്ചെടിപ്രദേശങ്ങള്‍, പ്രകൃതി ദുരൂഹമായായെന്തോ മന്ത്രിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷം. പ്രധാന കഥാപാത്രങ്ങളുടെ ആന്തരിക ജീവിതം നമ്മളിലേയ്ക്ക് പകരുന്നുണ്ട് നോവലിന്‍റെ പശ്ചാത്തലത്തിന്‍റെ വേട്ടയാടുന്ന അന്തരീക്ഷം.


മഞ്ഞു കാറ്റ് വീശുന്ന ഒരു ഭീകരമായ രാത്രി തന്‍റെ വീട്ടുടമസ്ഥനായ ഹീത്ത് ക്ലിഫിന്‍റെ ഭവനമായ "വതറിംഗ് ഹൈറ്റ്സ്" സന്ദര്‍ശിക്കുന്ന ലോക് വുഡില്‍ നിന്ന് കഥയാരംഭിക്കുന്നു. 


 പ്രകൃതി ശിക്ഷിച്ച് കൊണ്ടിരിക്കുന്ന ആ വീടിനു ചുറ്റും പ്രകൃത്യാതീതമായ എന്തോ കൂടിയുണ്ടെന്ന് നമ്മുക്ക് തോന്നും. അന്ന് തിരിച്ച് പോകാനാവാത്തതിനാല്‍ ഹീത്ത്ക്ലിഫ് അയാള്‍ക്ക് വീട്ടില്‍ ഒരു മുറി നല്‍കി.





അവിടെ മുകള്‍ നിലയിലെ ഇരുണ്ട മുറിയില്‍ തങ്ങുന്ന ലോക്വുഡ് രാത്രി ജനാലച്ചില്ലുകള്‍ ആഞ്ഞടയുന്ന ശബ്ദം കേട്ട് അവ ചേര്‍ത്തടയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ പുറത്ത് നിന്ന് തണുത്തുറഞ്ഞ ഒരു കൈയില്‍ സ്പര്‍ശിക്കുന്നു....അത് യാഥാര്‍ത്ഥ്യമായിരുന്നോ അതോ ലോക് വുഡിന്‍റെ തോന്നലായിരുന്നോ ? എന്നാല്‍ പിന്നീട് ആ തുറന്ന ജനാലയ്ക്കല്‍ നിന്ന് ഹീത്ത് ക്ലിഫ് എന്ന ആ പരുക്കന്‍ മനുഷ്യന്‍ വിലപിക്കുന്നത് ലോക് വുഡ് കണ്ടു. ."കാതറീന്‍ ...നീ ഇവിടെയുണ്ടോ ....എവിടെയാണ് നീ ?" 


 ഹീത്ത് ക്ലിഫിന്‍റെ സംഭവബഹുലമായ കഥയാണ്‌ വതറിംഗ് ഹൈറ്റ്സ്. ഒറ്റയാനായ ഒരു മനുഷ്യന്‍. അയാളുടെ സഹനങ്ങളുടെ, പകയുടെ പ്രതികാരത്തിന്‍റെ ദുരന്തത്തിന്‍റെ കഥ. വീട്ടിലെ കാര്യസ്ഥയായിരുന്ന നെല്ലിയാണ് ലോക് വുഡിനോട്‌ ആ കഥകള്‍ പറയുന്നത്. 


 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറ്റും മഴയുമടിക്കുന്ന ഒരു പാതിരാവില്‍ വതറിംഗ് ഹൈറ്റ്സില്‍ രണ്ടു കുട്ടികള്‍ --ഹിന്‍ഡ് ലിയും കാതറീനും --നഗരത്തിലേയ്ക്ക് പോയ അവരുടെ പിതാവിനെ കാത്തിരിക്കുകയായിരുന്നു. സമ്മാനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന അവര്‍ക്കായി അയാളുടെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ വിചിത്രമായ ഒരു സമ്മാനം അയാള്‍ കൊണ്ട് വന്നിരുന്നു. ഇരുണ്ട് പ്രാകൃത രൂപമുള്ള ഒരു ജിപ്സിക്കുഞ്ഞ് !യാത്രാമധ്യേ അയാളുടെ പക്കല്‍ എത്തിപ്പെട്ടതാണ് ആ കുഞ്ഞ്. അയാള്‍ അവന് ഹീത്ത് ക്ലിഫ് എന്ന് പേര് നല്‍കി തന്‍റെ മക്കളോടൊപ്പം വളര്‍ത്തി.


 തന്‍റെ സ്ഥാനം തട്ടിയെടുക്കാന്‍ വന്നതാണ് എന്ന് കരുതിയ ഹിന്‍ഡ് ലി ഹീത്ത് ക്ലിഫിനെ വെറുത്തു. പറ്റുമ്പോഴൊക്കെ കുത്തുവാക്ക് പറയുകയും നോവിക്കുകയും ചെയ്തു. എന്നാല്‍ കാതറീന്‍ അവനെ സ്നേഹിച്ചു. അവനോടൊപ്പം കളിക്കുകയും സംസാരിക്കുകയും ചെയ്തു. 





 അവര്‍ തമ്മില്‍ ഒരടുപ്പം വളര്‍ന്നു വന്നു. ഹിന്‍ഡ് ലിയ്ക്ക് അവനോടുള്ള പകയും. എം ടി വാസുദേവന്‍ നായരെ വളരെയേറെ ആകര്‍ഷിച്ച ഒരു കൃതിയാണ് വതറിംഗ് ഹൈറ്റ്സ് എന്ന് അദ്ദേഹം എവിടെയോ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. വയനാടിന്‍റെ പശ്ചാത്തലത്തില്‍ അത് സിനിമയാക്കണമെന്ന് അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നു. എന്ത് കൊണ്ടാണ് ആ പ്രോജക്റ്റ് നടക്കാതെ പോയത് എന്നെനിക്കറിയില്ല. എങ്കിലും ബോധപൂര്‍വമോ അബോധപൂര്‍വമോ താന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ആ ആ നോവലിന്‍റെയും കഥാപാത്രത്തിന്‍റെയും ആത്മാവ് എം ടി തന്‍റെ ഏതെങ്കിലും ചിത്രങ്ങളില്‍ കൊണ്ട് വന്നിട്ടുണ്ടോ? 



 വടക്കന്‍ പാട്ടിലെ പുത്തൂരം വീടിന്‍റെ കഥ വീണ്ടും പറയുമ്പോള്‍ അത് പതിവ് പോലെ ആരോമലിന്‍റെയും ഉണ്ണിയാര്‍ച്ചയുടെയും വീരചരിതമായി പറയുന്നില്ല , മറിച്ച് ചതിയന്‍ എന്ന് പാണന്‍മാര്‍ നാടൊട്ടുക്ക് പാടിയ ചന്തുവിന്‍റെ കഥയാവണം എന്ന് എം ടി തീരുമാനിക്കാന്‍ കാരണമെന്താണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്‍റെ മനസ്സിലെ ഹീത്ത്ക്ലിഫ് സ്വയം പ്രകാശിക്കാന്‍ കാരണമാകുകയായിരുന്നോ ? പലരാലും ചതിക്കപ്പെട്ടവന്‍ ജനമനസ്സില്‍ ചതിച്ചവനായി മാറിയതിന്‍റെ പിന്നിലെ സത്യമേന്തെന്ന് തിരഞ്ഞു പോകാന്‍ എം ടിയ്ക്ക് വഴി തെളിച്ചത് ഹീത്ത് ക്ലിഫ് ആണോ ? 


 എം ടി എവിടെയും വതറിംഗ് ഹൈറ്റ്സ് വടക്കന്‍ വീരഗാഥയെ സ്വാധീനിച്ചുവെന്ന് പറഞ്ഞിട്ടില്ല. അനുകല്‍പനം എന്നും പ്രചോദനം എന്നുമൊക്കെ എത്ര സാങ്കേതിക പദമെടുത്ത് വിവരിച്ചാലും കാള പെറ്റു എന്ന് കേട്ട പോലെ കയറെടുത്ത് എം ടി കോപ്പിയടിച്ചു എന്ന് ആരോപിക്കരുത് . ഇത് ആരോപണമല്ല. വതറിംഗ് ഹൈറ്റ്സ് പോലെയൊരു കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക തന്നെ ഉയര്‍ന്ന കലാവബോധത്തിന്‍റെ ലക്ഷണമാണ്. വടക്കന്‍ വീരഗാഥയും വതരിംഗ് ഹൈറ്റ്സും തമ്മില്‍ കൌതുകമുണര്‍ത്തുന്ന ഒരു താരതമ്യം നടത്താവുന്നതാണ്. 



 വതറിംഗ് ഹൈറ്റ്സിലെന്ന പോലെ ഫ്ലാഷ് ബാക്കിലൂടെയാണ് വടക്കന്‍ വീരഗാഥയുടെയും പൂര്‍വകഥയാരംഭിക്കുന്നത്. നോവലില്‍ വീട്ടിലെ കാര്യസ്ഥ ഹീത്ത്ക്ലിഫിന്‍റെ കഥ പറയുന്നത് എങ്കില്‍ സിനിമയില്‍ ഹീത്ത് ക്ലിഫ് -ഫിഗര്‍ ആയ ചന്തു തന്‍റെ കഥ തന്‍റെ അനുചരയോട് പറയുകയാണ്‌.


 കഥയുടെ തുടക്കം ഏതാണ്ട് ഒരേ പോലെ തന്നെയാണ്. ബാല്യം. പുത്തൂരം വീട്ടിലേയ്ക്ക് അനാഥനായ ചന്തു എത്തിച്ചെരാനിടയായ കഥയാണത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ചന്തുവിനെ അമ്മാവന്‍ ധനികമായ പുത്തൂരം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരികയാണ്. അവിടെ അമ്മാവന്‍റെ മക്കളായ ആരോമലും ഉണ്ണിയാര്‍ച്ചയുമുണ്ട്. ഹീത്ത് ക്ലിഫിനോട്‌ ഹിന്‍ഡ് ലിയും കാതറീനും പ്രതികരിച്ചത് പോലെ തന്നെയാണ് ആരോമലും ഉണ്ണിയാര്‍ച്ചയും ചന്തുവിനോട് പ്രതികരിക്കുന്നത്. ആ ബന്ധം പലതരത്തില്‍ പിന്നീട് കഥയിലുണ്ടാകുന്ന സംഭവങ്ങളെ സ്വാധീനികുന്നുണ്ട്. 





 കാതറീന്‍ ഹീത്ത്ക്ലിഫിനെ വിവാഹം ചെയ്യാതിരുന്നത് ആത്യന്തികമായ ഹീത്ത്ക്ലിഫിന് നന്മ വരണം എന്ന ആഗ്രഹം കൊണ്ടായിരുന്നു എന്ന് നോവലിസ്റ്റ് പറയുന്നുണ്ട് . ഹീത്ത് ക്ലിഫ് അത് മനസ്സിലാക്കുന്നില്ലെങ്കിലും. എന്നാല്‍ ഉണ്ണിയാര്‍ച്ചയെ ഒരു Femme Fatale..., വഞ്ചകിയായ ഒരു സ്ത്രീയായിത്തന്നെ എം ടി ചിത്രീകരിക്കുന്നുണ്ട്. ചതിക്കപ്പെട്ട ചന്തുവിന്‍റെ കഥയ്ക്ക് പൂര്‍ണത വരാന്‍ അത് ആവശ്യമായിരുന്നിരിക്കണം. പാട്ടില്‍ നിന്ന് എം ടി അങ്ങനെ വായിച്ചെടുക്കുന്നുണ്ട്. എം ടി പറയുന്നു :" ആങ്ങള നിര്‍ബന്ധിച്ചപ്പോള്‍ ഉണ്ണിയാര്‍ച്ച പ്രേമം മറന്ന് ആറ്റും മണമ്മേല്‍ കുഞ്ഞിരാമനെ വിവാഹം ചെയ്തു. അതിന്‍റെ പ്രേരണ പണവും തറവാട്ടു മഹിമയും തന്നെയാണ് പ്രേമത്തെക്കാള്‍ വലുത് എന്ന തോന്നല് കൊണ്ട് തന്നെ ". (തിരക്കഥ: കറന്റ്‌ ബുക്സ്) കാതറീന്‍ എഡ്ഗര്‍ ലിന്ടനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നിലും അങ്ങനെ ഒരു കാരണമുണ്ട്. 






 തുടര്‍ന്ന് വതറിംഗ് ഹൈറ്റ്സ് നോവലിന്‍റെ കഥാപരിസരം വിട്ട് കഥ വടക്കന്‍ പാട്ടിന്‍റെ പരിസരത്തെയ്ക്ക് നീങ്ങുന്നുവെങ്കിലും ചന്തുവില്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് പാട്ടില്‍ പാണന്‍ പാടിയ ചതിയന്‍ ചന്തുവിന്‍റെതല്ല. മറിച്ച് ജീവിതത്തില്‍ പലരാലും തോല്‍പ്പിക്കപ്പെട്ട ഹീത്ത് ക്ലിഫിന്‍റെതാണ്. എന്നാല്‍ ഹീത്ത് ക്ലിഫിനെ പോലെ പ്രതികാര ദാഹിയാകാന്‍ ചന്തുവിന് കഴിയുന്നില്ല . കാരണം "ഉണ്ണിയാര്‍ച്ചയോടുള്ള പ്രേമം തന്നെയായിരുന്നു ചന്തുവിന്‍റെ ജീവിതത്തിലെ തീക്ഷ്ണമായ വൈകാരികാനുഭവം. ഹീത്ത് ക്ലിഫിനെ പോലെ നാട് വിട്ടു പോയി പകരം ചോദിക്കുന്നതിനു പകരം വീണ്ടും വീണ്ടും ചതിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനും ചന്തു അവിടെ തന്നെ നില്‍ക്കുന്നു. എങ്കിലും ചന്തുവിന് ഉണ്ണിയാര്‍ച്ചയോടുള്ള ഒബ്സെഷന്‍ തീര്‍ത്തും അത് പോലെ തന്നെ ഹീത്ത്ക്ളിഫിനു കാതറീനോടുള്ളതായിരുന്നു. അവള്‍ മരണപ്പെട്ടതിനു ശേഷവും അവളുടെ സാന്നിധ്യം അനുഭവിക്കാന്‍ ജനാലയ്ക്കല്‍ വിലപിക്കുന്ന ഹീത്ത്ക്ലിഫിന്‍റെ ചിത്രം അതാണ്‌ സൂചിപ്പിക്കുന്നത്. 



 എം ടി ബോധപൂര്‍വ്വം വതറിംഗ് ഹൈറ്റ്സ് വടക്കന്‍ വീരഗാധയിലേയ്ക്ക് കൊണ്ട് വന്നതാവാനിടയില്ല. എന്നാല്‍ സര്‍ഗാത്മകപ്രക്രിയയ്ക്കിടെ തന്നെ ആഴത്തില്‍ സ്വാധീനിച്ച കഥാപാത്രവും കഥയും അബോധത്തില്‍ ആ പ്രക്രിയയില്‍ ഇടപെട്ടതാവാം. എങ്കിലും സങ്കീര്‍ണമായ ഹീത്ത്ക്ലിഫ് എന്ന കഥാപാത്രത്തിന് നമ്മുടെ ഭാഷ സംസാരിക്കുന്ന ഒരു മുഖം കാണണം എന്നുണ്ടെങ്കില്‍ അത് ചതിക്കപ്പെട്ട ചന്തുവിന്‍റെ മുഖമാണ് . ചന്തുവാണ് നമ്മുടെ ഹീത്ത്ക്ലിഫ് !!

No comments:

Post a Comment