Friday, April 19, 2013

ഗാംഗ്സ്റ്റർ സിനിമകളും നവസുഹൃത് സംഘങ്ങളും




ഈ ഗാംഗ്സ്റ്റർ സിനിമകളുടെ  Choreography  ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഫോട്ടോഗ്രാഫിക് സങ്കൽപ്പത്തെ ഭയങ്കരമായി സ്വാധീനിച്ചി ട്ടുള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? ഇപ്പോഴത്തെ സുഹൃത് -സംഘങ്ങളുടെ ചിത്രങ്ങൾ ഒന്ന് നിരീക്ഷിച്ച് നോക്ക് ! ഏറെയൊന്നും തപ്പേണ്ടി വരില്ല . ഒരൽപം താഴേക്കു നോക്കിയാൽ ഒന്നെങ്കിലും കാണാതിരിക്കില്ല . ഒരു കൂട്ടം ചെറുപ്പക്കാർ ! അവരുടെ മുഖത്ത് കനത്ത ഗൗരവമായിരിക്കും . (അവർ ചിരിയും പുഞ്ചിരിയുമൊന്നും എന്താണെന്ന് പോലും അവർക്കറിയില്ല ). അവരെല്ലാം വിവിധ ദിശയിലേയ്ക്കായിരിക്കും നോക്കുക .

          ഇതിൻറെ ഒരു 'അഡ്വാൻസ്ഡ്' വേർഷൻ എൻറെ ചില സുഹൃത് -സർക്കിളുകളിൽ ഞാൻ കണ്ടിട്ടിട്ടുണ്ട് . അവർ ഫോട്ടോയിൽ മാത്രമല്ല . കൂട്ടുകാരുമായി ഒന്നിച്ചിരിക്കുമ്പോഴെല്ലാം ഏതോ അജ്ഞാതമായ ഒരു ക്യാമറ അവരെ പടമാക്കുന്നുണ്ട് എന്ന ഭാവത്തിലായിരിക്കും .ഭാവമില്ലായ്മയാണ്   അവരുടെ സ്ഥായിഭാവം .  വാ തുറന്നാൽ അവർ പഞ്ച് ഡയലോഗുകൾ മാത്രമേ പറയുകയുള്ളു . എന്ന് വച്ചാൽ "സവാള അരിയരി " പോലെയുള്ള നാടൻ പഞ്ചുകളല്ല .  ക്ലിൻറ്  ഈസ്റ്റ് വുഡ് പണ്ട് അടിച്ചത് മാതിരിയുള്ള ഒറ്റ വരി (One -Liners ). 




          ആ സംഘത്തോടൊപ്പം നിൽക്കുമ്പോൾ തമാശ പോയിട്ട് "താ " എന്ന് പോലും പറഞ്ഞു പോകരുത് . അവർ ചിരിക്കില്ല . മറിച്ച് അവർ സ്ലോ മോഷനിൽ എഴുന്നേറ്റു അടുത്തുള്ള കൈവരിയിലോ അരമതിലിലോ പിടിച്ച് അകലേയ്ക്ക് നോക്കി നിൽക്കുകയെ ഉള്ളു . ആ സംഘത്തിലുള്ള ഓരോരുത്തരുടെയും ഭാവ രഹിതമായ മുഖം കണ്ടാൽ അവർക്കാരോടോ പ്രതികാരം ചെയ്യാനുണ്ടെന്നും അവർ അയാൾക്ക്‌ വേണ്ടിയുള്ള അന്വേഷണ ത്തിലാണെ ന്നും തോന്നും . 

          അവർക്ക് സിഗരട്ട് വലിക്കാൻ ഇഷ്ടമായിരിക്കും . അതവരുടെ ഗൗരവം കൂട്ടും . പണ്ട് കാലത്തെ പാവം കൗമാരക്കാർ വലിക്കുന്ന പോലെ , കുറുക്കൻ നീർക്കോലിയെ പിടിക്കുന്ന പോലെ, വിരണ്ടിട്ടല്ല ഇവർ സിഗരറ്റ് വലിക്കുക . യുവ ഗാംഗ്സ്റ്റെഴ്സ്ചുണ്ടിൻറെ ഒരു കോർണറിലൂടെയാണ്  വലിക്കുക . ചിലപ്പോൾ അവർ ഇരിക്കുന്ന സ്വകാര്യ ഇടങ്ങളിൽ ഒരു പുക പടലം മാത്രമേ കാണൂ . പേടിക്കേണ്ട.  അതിനിടയിൽ അവർ ഉണ്ടായിരിക്കും . തീർച്ച . കള്ളു കുടിക്കുന്ന വരാണെങ്കിൽ വെള്ളം ചേർക്കുന്നത് അവർക്കിഷ്ടപ്പെടില്ല . "ഓണ്‍ ദി റോക്ക്സ് " ആണ് അവർക്ക് പഥ്യം . ഇതിനെല്ലാം പുറമേ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ട് . അത് ഫോട്ടോയ്ക്ക് പോസ് ചെയ്യൽ മാത്രമാണ് !




          സിനിമയിൽ നിന്നാണ് ഈ Sense of Visual Impact കിട്ടിയതെന്നാണ്‌ എൻറെ വിചാരം . ലോകസിനിമയിൽ ഇരുപത് വർഷത്തിലേറെയായി ഇത് പ്രത്യേക ശ്രദ്ധ പിടിക്കാൻ തുടങ്ങിയിട്ട് . അതിന് മുൻപും , തീർച്ചയായും , ഉണ്ടായിരുന്നു . റോബർട്ട്‌ വൈസിൻറെ "വെസ്റ്റ്‌ സൈഡ് സ്റ്റോറി " എന്ന സിനിമയിൽ ഡാൻസ് പോലെ Choreographed ആക്ഷൻ സീക്വൻസുകൾ കാണാം . ചൈനയിൽ നിന്ന് ഹോളിവുഡി ലേയ്ക്ക് കുടിയേറിയ ജോണ്‍ വൂവിൻറെ  ഗാംഗ്സ്റ്റർ സിനിമകൾ , റോബർട്ട് റോഡ്രിഗ്യൂസിൻറെ മെക്സിക്കോ ട്രിലജി , പിന്നെ തീർച്ചയായും ടരാൻറ്റിനൊ യുടെ സിനിമകൾ തൊണ്ണൂറുകളിൽ ഈ Stylization കൊണ്ട് വന്നിട്ടുണ്ട് . അക്കാലത്ത് തന്നെ മലയാളത്തിൽ ഈ സിനിമക്കാരെ അനുകരിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട് . ഇന്നത്തേക്കാൾ വൃത്തിയായി അനുകരിക്കാൻ അറിയാവുന്നവർ അന്നുണ്ടായിരുന്നു എന്നാണ്‌ എൻറെ തോന്നൽ .

          സാമ്രാജ്യം എന്ന സിനിമയാണ് Stylization കൊണ്ട് വരാൻ ശ്രമിച്ച ആദ്യ കാല  മലയാള സിനിമകളിലൊന്ന് . ആ സിനിമയുടെ അവസാനത്തെ രംഗം ഇപ്പോഴും പുതിയതാണ് . ആ രംഗം കൊണ്ടാണ് ഇത്ര വർഷ ങ്ങൾ ക്ക്‌ ശേഷവും അതിനൊരു Sequel ഉണ്ടാകുന്നത് . , ജോണി വാക്കർ  എന്ന ചിത്രത്തിലൊക്കെ ജോണ്‍ വൂ ചിത്രങ്ങളുടെ പ്രമേയ സ്വഭാവവും stylization വളരെ evident ആണ് . Tarantino ye അനുകരിക്കാനുള്ള പാങ്ങ് അന്നേ ഇല്ല , പിന്നെയാണ് ഇന്ന് . 




          ഇവിടെ അടുത്ത കാലത്ത് ഈ ട്രെൻഡ് വന്നത് ജോണ്‍ വൂ വിൻറെയും റോഡ്രിഗ്യൂസിൻ റെയും പഴയ പാരമ്പര്യത്തിൽ നിന്ന് തന്നെ . അന്ന് ജോണി വാക്കരിലൂടെ ചെയ്ത  ജയരാജും ( For the People , 2004 ),   അമൽ നീരദുമാണ്  (ബിഗ്‌ ബി, 2 0 0 7 ) അതിൻറെ പുനരവതരണം നടത്തിയത് . സംഘക്കൂട്ടായ്മയുടെ  മേൽ സൂചിപ്പിച്ച  ഓളത്തിൽ  'ബിഗ്ബി 'യുടെ പങ്ക് അവർ നിഷേധിക്കുമെന്ന് തോന്നുന്നില്ല . കേരളത്തിൻറെ അധോലോക തലസ്ഥാന മായി കൊച്ചി മാറിയതും  കൊച്ചി നഗരത്തിൻറെ ഒരു അന്തർദേശീയ സ്വഭാവവും  ഇവരുടെ കഥ പറച്ചിലിന് ഗുണം ചെയ്തിരിക്കണം . ഉദാഹരണത്തിന് , ഫോർട്ട്‌ കൊച്ചിയിലെ വാസ്കോ ഹൗസിനു മുന്നിൽ  ഷൂട്ട്‌ ഔട്ട്‌ നടക്കുന്നത്  തിരുവനതപുരത്ത് , കിഴക്കേ ക്കൊട്ടയിൽ നടക്കുന്നതിനെ ക്കാൾ Convincing തന്നെ .(Adapt ചെയ്യുന്നത് മോശമാണെന്നോ ഒറിജിനൽ എന്നത് വിശുദ്ധണെന്നോ എനിക്കഭിപ്രായമില്ല , കേട്ടോ 




         പരിഹസിക്കാനാണെങ്കിലും  ഒറിജിനലുകൾ തേടി ഡി വി ഡി വഴിയും  ഡൌൻലോഡ് വഴിയും മികച്ച ഗാംസ്റ്റർ മൂവീസ് കാണാനുണ്ടായ സാഹചര്യവും  അതിൻറെ ഗ്രാമറും ലൈഫ് സ്റ്റൈലും ഇവിടെ സ്വാധീനം ചെലുത്തിയതാകാം.  ന്നിപ്പോൾ മലയാള പുനരാഖ്യാനങ്ങൾ വേണമെന്നില്ല . Tarantino യുടെ പുതിയ Django Unchained ഉം മറ്റും പലരുടെയും ശേഖരങ്ങളിൽ നിന്ന് ശൈലികളി ലേയ്ക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു .

         മറ്റൊരു വായ ന പറഞ്ഞാൽ,  കൂടി വരുന്ന ക്രൈം റേറ്റ് , സിനിമകളിലൂടെ Stylize ചെയ്യപ്പെടുന്ന ഗങ്ങ്സ്റ്റർ ജീവിതം  ഇതെല്ലാം കൊണ്ട് പുതിയ കാലം ജീവിതത്തെ ഒരു പക്ഷെ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെങ്കിലോ ? "ലോകമെന്നത് ഒരു ഗാംഗ്സ്റ്റർ സിനിമയാണ് .. .മനുഷ്യരെല്ലാം അതിലെ നടീനടന്മാരും .. " (അങ്ങനെയെന്തോ ഇല്ലേ !) ഇനിയിപ്പോ അങ്ങനെ വല്ലതും ....!



Wednesday, April 17, 2013

ആൽഫ്രഡ്‌ ഹിച്ച്കോക്ക് : ടോപാസ് ( 1969)

 













ആൽഫ്രഡ്‌  ഹിച് കോക്കിൻറെ           "ടോപാസി"നെ ക്കുറിച്ച് എല്ലാവർക്കും ഒരേ  അഭി പ്രായമാണ് : വളരെ മോശം . അത്തരം പോപ്പുലർ അഭിപ്രായങ്ങളെ അങ്ങ് കണ്ണടച്ച് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല . പൊതു ബോധത്തിനെതിരെ എന്തെങ്കിലും കണ്ടാൽ ജനം തള്ളിപ്പറയും . അതാണവരുടെ ശീലവും കാപട്യവും .  ബലാൽസംഗം ചെയ്യപ്പെട്ട നായിക ആത്മഹത്യ ചെയ്യുന്നതാണ് ജനത്തിനിഷ്ടം . നായകൻ അവളെ സ്വീകരിച്ചാൽ ജനത്തിനിഷ്ടപ്പെട്ടുവെന്ന് വരില്ല . അങ്ങനെയൊക്കെയാണ്  പൊതു ജനം . ടോപാസ് ഒരു ക്ലാസിക് ആണെന്ന് പറഞ്ഞു വയ്ക്കാനൊന്നുമല്ല ഈ എഴുത്ത് . അതിൻറെ ചില പ്രത്യേകതകൾ നിരീക്ഷിക്കാൻ വേണ്ടിയാണ്. പരാജയത്തിൻറെ കാരണം തിരയാനും .

           ഒന്നിന് പിന്നാലെ ഒന്നായി വിജയ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തു കൊണ്ടിരുന്ന ഒരാളാണ് ഹിച്ച്കോക്ക്. സൈക്കോ ആയിരുന്നു അതിൻറെ ഹൈറ്റ്  . പിന്നെ ബേർഡ്സ് എന്ന ചിത്രവും കൂടിക്കഴിഞ്ഞ ശേഷം ഹിച്ച്കോക്ക്   ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു തുടങ്ങി . അക്കൂട്ടത്തിൽ ഒരു "ബിഗ്‌ ബട്ജെറ്റ് " ചിത്രമായിരുന്നു ടോപാസ് . യൂറോപ്പിലും അമേരിക്കയിലും ക്യൂബയിലും ലൊക്കേഷനുകൾ . ലിയോണ്‍ യൂരിസിൻറെ "കോൾഡ്‌ വാർ " നോവലിനെ ആസ്പദമാക്കിയ സ്ക്രിപ്റ്റ് . പക്ഷെ ജനത്തെ തീയറ്ററിൽ എത്തിക്കാൻ പറ്റിയ "സ്റ്റാഴ്സ് " ഒന്നും ചിത്രതിലുണ്ടായിരുന്നില്ല . അത് തന്നെ ഒന്നാം പരാജയകാരണം .


 







"ക്യൂബൻ മിസൈൽ ക്രൈസിസ്‌" ൻറെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് .  സമകാലിക രാഷ്ട്രീയത്തെ ക്കുറിച്ചുള്ള പ്രേക്ഷകരുടെ അവബോധത്തിനു  സിനിമ മനസ്സിലാക്കുന്നതിൽ  വലിയ പങ്കുണ്ടായിരുന്നു . പ്രേക്ഷകർ ക്കിടയിൽ രണ്ട് രാഷ്ട്രീയം  ഉണ്ടാകാവുന്ന പ്രമേയവും ചിത്രത്തിന് തിരിച്ചടിയായി . ശീത യുദ്ധത്തെ ക്കുറിച്ച് ഹിച്ച് കോക്ക് സ്വീകരിക്കുന്ന നിലപാട് എന്ത് തന്നെയാണെങ്കിലും ചാരവൃത്തി എ ത്രത്തോളം നീചമാണ് എന്ന് സൂചിപ്പിക്കുക തന്നെയായിരുന്നു ഇത്തവണയും അദ്ദേഹത്തിൻറെ ലക്ഷ്യം. പൂർണമായി പരിഗണിച്ചാൽ കുറ തീർന്ന ഒരു ചിത്രമല്ല ടോപാസ് . പക്ഷെ ചില സീക്വൻ സുകളിലാണ് ചിത്രത്തിൻറെ ബ്രില്ല്യൻസ് കാണാവുന്നത്‌ .

           നാറ്റൊ (NATO) യിലെ രഹസ്യങ്ങൾ സോവിയറ്റ് യൂണിയന് ചോർത്തി കൊടുക്കുന്ന ഒരു ചാര സംഘമാണ് ടോപാസ് .  സംഘത്തെ ക്കുറിച്ചുള്ള രഹസ്യം അമേരിക്ക അറിയുന്നത് അമേരിക്കയിലേക്ക് കൂറ് മാറുന്ന ഒരു സോവിയറ്റ് ഇൻറലിജൻസ്  ഉദ്യോഗസ്ഥനിൽ നിന്നാണ് . ക്യൂബയിൽ റഷ്യ മിസൈൽ ബാലിസ്റ്റിക്‌ മിസൈലുകൾ സമാഹരിക്കുന്നുവെന്ന് വിവരമറിയുന്നതോടെയാണ് കഥ തുടങ്ങുന്നത് . 












ക്യൂബൻ  എപിസോഡാ ണ് ചിത്രത്തിൽ മികച്ചു നിൽക്കുന്നത്.  അമേരിക്കൻ ചാരനായ ആന്ദ്രെ ക്യൂബയിൽ ചെന്ന് അയാളുടെ കാമുകിയായ ജ്യുവനീറ്റയെ കാണുന്നു.  ക്യൂബൻ വിപ്ലവകാരികളുടെ നേതാവായ റിക്കോ പാരയുടെ മിസ്ട്രസ്സാണ് ജ്യുവനീറ്റ . പക്ഷെ അയാൾക്കറിയില്ല അവൾ ഒരു അമേരിക്കൻ സ്പൈ ആണെന്ന്. പക്ഷെ ഒരിക്കൽ അവൾ നിയോഗിച്ചവർ പിടിക്കപ്പെടുമ്പോൾ അവരിൽ നിന്ന് റിക്കോ മനസ്സിലാക്കുന്നു അവർ പ്രവർത്തിക്കുന്നത്  ജ്യുവനീറ്റയ്ക്ക് വേ ണ്ടിയാണെന്ന്.   അവളോട്‌ വളരെ വൈകാരിക ബന്ധം സൂക്ഷിക്കുന്ന റിക്കോ തകർന്ന മനസ്സോടെ അവളെ ഗണ്‍ പോയിൻറിൽ നിർത്തുന്നു . മനോഹരമാണ് ആ രംഗം . സ്വന്തം കൈകളിൽ അവൾ വെടിയേറ്റ്‌ വീഴുമ്പോൾ റിക്കോയുടെ വികാരരഹിതമായ മുഖവും പതിയെ താഴുന്ന പിസ്റ്റലും കാണാം . ഗോവണിയുടെ മുകളിൽ നിന്നുള്ള ഒരു ഓവർഹെഡ് വീക്ഷണത്തിൽ ജ്യുവനീറ്റ നിലം പതിക്കുമ്പോൾ അവളുടെ  സ്കേർട്ട് ഒരു  വയലറ്റ് പുഷ്പം പോലെ വിടരുന്നു .. . കവിതയാണ് ആ ഷോട്ട് ! ഷവർ രംഗത്തിന് ശേഷം ഹിച്ച്കോക്കിൻറെ  ഏറ്റവും "മനോഹരമായ " കൊലപാതകം.













പ്രിവ്യൂ ഷോയുടെ മോശപ്പെട്ട പ്രതികരണം മൂലം ആദ്യത്തെ ക്ളൈമാക്സിന് പുറമേ രണ്ട് ക്ലൈമാക്സ് കൂടി ഹിച്ച് കോക്ക് ഷൂട്ട്‌ ചെയ്തു . ടോപാസ് എന്ന ചാരസംഘടനയെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ അതിൻറെ തലവൻ തൻറെ സഹപാഠി  കൂടിയായ ഴാക് ഗ്രാൻ വിൽ  ആണെന്ന് ആന്ദ്രെ മനസ്സിലാക്കുന്നു.  ഔദ്യോഗികമായ ഒരു ദൗത്യം തികച്ചും വ്യക്തിപരമാകുന്ന ഒരു നിമിഷമായിരുന്നു അത് . ആന്ദ്രെയും  ഭാര്യ നിക്കോളും ഴാക്കും ഉൾപ്പെടുന്ന ഒരു പഴയ ത്രികോണത്തിൻറെ ഓർമകളാണ് ഇപ്പോൾ ആ കണ്ടെത്തലിനെ നിയന്ത്രിച്ചത് . ജ്യുവനീറ്റയുമായുള്ള ആന്ദ്രെ യുടെ ബന്ധത്തിന് പകരം വീട്ടാൻ നിക്കോളിന് ഴാക്കുമായി ബന്ധമുണ്ടായിരുന്നു. പകയും പ്രണയവും നിറഞ്ഞ ഈ വ്യക്തിബന്ധങ്ങളിൽ നിന്ന് ലോകചരിത്രം അപ്പോഴേയ്ക്കും അതിൻറെ പങ്ക് സ്വീകരിച്ചു കഴിഞ്ഞിരുന്നു .

ആന്ദ്രെയും ഴാകും തമ്മിലുളള ഒരു Duel ആയിരുന്നു ചിത്രത്തിൻറെ ആദ്യ ക്ലൈമാക്സ് . എന്നാൽ ഇരുവരും ആദ്യ നിറയോഴിക്കും മുൻപ് തന്നെ  അജ്ഞാതനായൊരു സോവിയറ്റ് കില്ലർ ഴാക്കിനെ വെ ടി  വച്ച് കൊല്ലുന്നു. രണ്ടാം ക്ലൈമാക്സിൽ താൻ കണ്ടു പിടിക്കപ്പെട്ടതിനെ തുടർന്ന് ഴാക് സ്വയം വെടി  വച്ച് മരിക്കുന്നതാണ് . ഒടുവിൽ മിസൈൽ ക്രൈസിസ് അവസാനിക്കുമ്പോൾ ആന്ദ്രെയുടെ മനസ്സിലൂടെ   ആ ചരിത്ര സംഭവത്തിൻറെ തുടക്കം മുതൽ ഒടുക്കം വരെ  അതിന് വേണ്ടി  ഇല്ലാതാക്കപ്പെട്ട മനുഷ്യരുടെ  ചിത്രങ്ങൾ കടന്ന് പോകുന്നു .  അക്കൂട്ടത്തിൽ ഇരുപക്ഷത്തുമുള്ള , ഇരയാക്കപ്പെട്ട മനുഷ്യരെല്ലാമു ണ്ടെന്ന് ആന്ദ്രെയും നമ്മളും തിരിച്ചറിയുന്നു . ശത്രു പോലും ഒരു ഇരയായിരുന്നുവെന്ന് ...
        











അത് കൊണ്ടൊക്കെ തന്നെ "ടോപാസ് " ഒരു മോശം ചിത്രമാണെന്ന് ഞാൻ കരുതുന്നില്ല . കാരി ഗ്രാന്ടും ഇൻഗ്രിഡ് ബർഗ്മാനും പോലെയുള്ള മികച്ച താരങ്ങളായിരുന്നു എന്നും ഹിച്ച് കോക്കിന്റെ സഹപ്രവർത്തകർ.   തികച്ചും പുതിയ അഭിനേതാക്കളെ പ്രധാന വേഷങ്ങളിൽ അഭിനയിപ്പിക്കുക വഴി ചിത്രത്തിന് ലഭിക്കാവുന്ന "റീച്ച് " നഷ്ടപ്പെടുകയുണ്ടായി .  എന്നാൽ യൂറോപ്യൻ സിനിമയിലെ മികച്ച നടന്മാരുടെ  സാന്നിധ്യം ചിത്രത്തിലുണ്ട് . പ്രശസ്ത ഫ്രഞ്ച് നടൻ ഫിലിപ് നോയ്റെ ( പോസ്റ്റ്‌ മാൻ  എന്ന ചിത്രത്തിൽ നെരൂദയുടെ വേഷം ചെയ്ത ) ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് .


           2013 ലിരുന്ന്   കാണുമ്പോഴും തികച്ചും പുതുമ അനുഭവപ്പെടുന്ന ചിത്രമാണ് ടോപാസ് . ഹിച്ച്കോക്ക്  സൈക്കോ തന്നെ ആവർത്തിക്കണം എന്ന് കരുതിയ പ്രേക്ഷകരും നിരൂപകരും അദ്ദേഹത്തിൻറെ മികച്ച പല ശ്രമങ്ങളും കാണാതെ പോയിട്ടുണ്ട് . ടോപാസ് ഒരു മാഗ്നം ഒപസ് ഹിച്ച്കോക്ക് അല്ല . എങ്കിലും അദ്ദേഹത്തിൻറെ മികച്ച ശ്രമങ്ങളിൽ ഒ
ന്നാണ് .

Saturday, April 6, 2013

ഈ കണ്ണി കൂടി (1990) : കെ ജി ജോർജ്

"മാസ്റ്റർ" എന്ന് അംഗീകരിക്കപ്പെടുന്ന ഒരു കലാകാരൻറെ "ശ്രദ്ധിക്കപ്പെടാത്ത" രചനകൾ പരിശോധിക്കുന്നതും അതെന്തു കൊണ്ട് സംഭവിച്ചു എന്നും അന്വേഷിക്കുന്നതിനോട് എനിക്ക് വലിയ താൽപര്യം തോന്നിയിട്ടുണ്ട് . ഒരു രചന എന്ത് കൊണ്ട് തള്ളിക്കളയപ്പെട്ടു എന്ന് പഠിക്കുന്നത് പലപ്പോഴും അത് സ്വീകരിക്കുന്ന സമൂഹത്തിൻറെ സ്വഭാവം വെളിപ്പെടുത്തും. എടുത്ത സിനിമകളിൽ എണ്‍പത് ശതമാനവും വിജയിപ്പിച്ചിട്ടുള്ള ഹിച്ച് കൊക്കിൻറെ "മാർണി", "ടോപാസ് " എന്നീ ചിത്രങ്ങളുടെ ദയനീയ പരാജയത്തിൻറെ കാരണം തിരയുന്നത് ആ പ്രേക്ഷകരുടെ പൊതുബോധത്തെ ക്കുറിച്ച് ചിലതെല്ലാം പറഞ്ഞു തരും . മലയാളത്തിൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഒരു സിനിമ ഇത്തരത്തിൽ എന്നെ ആകർഷിച്ചിട്ടുണ്ട് . 1990 ൽ പുറത്തിറങ്ങിയ "ഈ കണ്ണി കൂടി "യാണ് ഈ ചിത്രം .

പദ്മരാജൻറെയും ഭരതൻറെ യും സിനിമകൾ ആവശ്യത്തിലേറെ ചർച്ച ചെയ്യപ്പെടുമ്പോൾ പലപ്പോഴും കെ ജി ജോർജ് വിസ്മരിക്കപ്പെടാറുണ്ട് . അതിനു കാരണം പൊതു ജനത്തെ തൃപ്തി പ്പെടുത്താൻ Compromise ചെയ്യാൻ തയ്യാറാകാത്ത ഒരു സംവിധായകനായിരുന്നു ജോർജ് എന്നതാണെന്ന് എനിക്ക് തോന്നുന്നു . Compromise ചെയ്യാതെ നില നില്കാൻ പറ്റില്ല എന്നൊരു സാഹചര്യത്തിൽ കക്ഷി സിനിമയിൽ നിന്ന് പിന്മാറുകയും ചെയ്തു .

ജോർജിൻറെ സ്വപ്നാടനം , കോലങ്ങൾ , ഉൾക്കടൽ , യവനിക ഇരകൾ , ആദാമിൻറെ വാരിയെല്ല് , പഞ്ചവടിപ്പാലം തുടങ്ങിയ പല ചിത്രങ്ങളും മലയാളത്തിലെ മികച്ച ശ്രമങ്ങളാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഇന്നും വളരെ ഫ്രഷ്‌ ആയൊരു സിനിമയാണ് കെ ജി ജോർജിൻറെ "യവനിക ". ഒരു കുറ്റാന്വേഷണ സിനിമയ്ക്കപ്പുറം ഒരു Character Study കൂടിയാണത്. മലയാള സിനിമയിൽ താര ചിത്രങ്ങളും തമാശപ്പടങ്ങളും ബലം പിടിച്ചു വരുന്ന കാലത്താണ് "ഈ കണ്ണി കൂടി " എന്ന ചിത്രം റിലീസ് ചെയ്യുന്നത് . ഞാനോർകുന്നു മുകേഷ് -ജഗദീഷ് കോമെഡി കൾ നിറഞ്ഞോ ടിയിരുന്ന കാലത്ത് പടം ഒരാഴ്ച പോലും തികച്ചില്ല .
"യവനിക"പോലെ ഒരു കുറ്റാന്വേഷണ സിനിമയും Character Study യുമാണ്‌ "ഈ കണ്ണി കൂടി ". എന്നാൽ ആഖ്യാനത്തിൽ പത്തു വർഷമെങ്കിലും മുൻപിറങ്ങിയ യവനികയുടെ ചെറുപ്പ മൊന്നും ഇതിനില്ല . എങ്കിലും യവനികയെ ക്കാൾ ഉദ്വേഗ ജനകമാണത് , പ്രത്യേകിച്ചും ചിത്രത്തിൻറെ ആദ്യത്തെ പത്ത് മിനിറ്റുകൾ . തികച്ചും , പഴയ , ക്ലാസിക് ആഖ്യാന മാണത്. ദൃശ്യങ്ങളിലൂടെ മാത്രം കഥ പറയുന്ന, ഹിച്ച്കോക്കിന്റെ ഭാഷയിൽ "Pure Cinema " എന്ന് പറയാവുന്ന ശൈലി !


ഒരു പ്രഭാതത്തിൽ , ആലപ്പുഴ ജില്ലയിയിൽ ഗ്രാമപ്രദേശ ത്തുള്ള ഒരു രണ്ടു നില ടെറസ്സ് വീടിൻറെ മുന്നിലാണ് ക്യാമറ ഉദ്വേഗ പൂർവ്വം നിൽക്കുന്നത് . വന്നു പോകുന്ന ഒരാൾ പലതവണ കാളിംഗ് മുഴക്കി, പ്രതികരണ മില്ലാത്തതിനാൽ ഒരു കുറിപ്പെഴുതിയിട്ടു മടങ്ങുന്നു . അയാൾ മടങ്ങുമ്പോൾ വിജനമാകുന്ന വീടിൻറെ പരിസരത്ത് നമ്മൾ നില കൊള്ളുന്നു . വലിയൊരു പറമ്പിൻറെ നടുവിൽ ഒറ്റപ്പെട്ടു നില്ക്കുന്ന വലിയ വീട് ! ആ വീട് ഒരു ശവക്കല്ലറ യാണെന്ന് നമുക്ക് തോന്നും . വീണ്ടും ഒരു സന്ദർശകൻ കൂടി . അയാളും പലതവണ ബെല്ലടിച്ച ശേഷം , വീടിൻറെ ചുറ്റു വട്ടങ്ങളിൽ നടന്ന് പരിശോധിക്കുന്നു . തുറന്നിട്ട ഒരു ജനാലയിലൂടെ അകത്തേയ്ക്ക് നോക്കിയ ശേഷം അയാൾ അടുത്തുള്ള പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട് ചെയ്യുന്നു .

വളരെ Rigorous and Realistic ആയ പോലീസ് procedures ആണ് സിനിമ പിന്നീട് തുടരുന്നത്. സായികുമാർ ആണ് കുറ്റാന്വേഷകൻ . സാക്ഷി മൊഴികളിലൂടെ ചിത്രം പുരോഗമിക്കുന്നു . കൊല്ലപ്പെട്ടത് കുമുദം എന്ന് പേരുള്ള ഒരു വേശ്യയാണ്. ഒരു വ്യക്തികളെയും കുറിച്ച് മുൻവിധികളില്ലാതെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്‌ . "..

സ്ത്രീപക്ഷ സിനിമകളെ ക്കുറിച്ചും മറ്റും പല ചർച്ചകൾ ഇവിടെ നടക്കുന്നുണ്ട്. "ഇതാ ഫെമിനിസ്റ്റ് പടം" എന്ന് സ്വയം ധരിച്ച് തികച്ചും അശ്രദ്ധ മായി എടുത്ത 22 ഫീമെയ്ൽ കോട്ടയം പോലെയുള്ള സിനിമകൾ ഇവിടെ ഗ്ലോറിഫൈ ചെയ്യപ്പെടുന്നുണ്ട് . ഇത് പറഞ്ഞത് "ഈ കണ്ണി കൂടി " ഒരു സ്ത്രീ പക്ഷ സിനിമയാണെന്ന് പറയാനല്ല .ജോർജ് ഒരിക്കലും അങ്ങനെ ക്ലെയിം ചെയ്തിട്ടുമില്ല (സത്യത്തിൽ ഈ സിനിമയെ പറ്റി ജോർജും മിണ്ടാറില്ല , ജോർജിൻറെ ചരിത്രം മുഴുവൻ പഠിച്ചു വരുന്ന ഒരു ഇൻറർവ്യൂ ക്കാരും ഈ പടത്തെ പറ്റി ഒന്നും ചോദിക്കാറില്ല ). ഒരു Human Being എന്ന നിലയിൽ സ്ത്രീ ജീവിതത്തെ നിരീക്ഷിക്കുകയാണ് താൻ ചെയ്യുന്നതെന്ന് ജോർജ് പറയുന്നു .


വളരെ വ്യക്തിപരമായി പറഞ്ഞാൽ ഞാൻ യവനികയ്ക്ക് മുകളിലാണ് ഈ ചിത്രത്തെ Place ചെയ്യുക . അത് സാങ്കേതിക നിലവാരത്തെ ക്കുറിച്ചും ക്രാഫ്റ്റിനെ ക്കുറിച്ചു മുള്ള ഒരു നിരീക്ഷണമല്ല . നമ്മുടെ നാട്ടിൽ ഒരു വേശ്യ എങ്ങനെ ട്രീറ്റ്‌ ചെയ്യപ്പെടുന്നു എന്നതിൽ നിന്നാണ് എൻറെ ആലോചന തുടങ്ങുന്നത് . ഒരു വേശ്യ പൊതു ബോധത്തിന് മനുഷ്യ ജീവിയല്ല , വെറും "വെടി " യും "സെറ്റ് അപ്പും " ഒക്കെ മാത്രമാണ് . സ്വന്തം അമ്മയും പെങ്ങളും അല്ലാത്തവരൊക്കെ "ചരക്കു "കളാണെന്ന് കരുതുന്നവരിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കാൻ പറ്റില്ല . (സത്യത്തിൽ ഈ നിരീക്ഷണത്തിലും എനിക്ക് വിശ്വാസമില്ല . "എൻറെ പെങ്ങളെയൊന്ന് കാണണം . ഉഗ്രൻ ചരക്കാടോ" എന്ന് പറഞ്ഞിരുന്ന ഒരു ക്ലാസ് മേറ്റ് എനിക്കുണ്ടായിരുന്നു !).

വേശ്യയെ സന്ദർശിക്കുന്നവരേയൊന്നും സമൂഹം പിടി കൂടുന്നില്ല . അങ്ങനെ യൊക്കെ കരുതുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ സമൂഹം ഒരു വേശ്യയെ എങ്ങനെ നിർമ്മി ച്ചെ ടുക്കുന്നു എന്ന് കാണിക്കുന്നതിൻറെ നട്ടെല്ല് കൊണ്ട് മാത്രമാണ് "ഈ കണ്ണി കൂടി " ശ്രദ്ധിക്കപ്പെടെണ്ട സിനിമയാണെന്നു എനിക്ക് തോന്നുന്നത് . തബലിസ്റ്റ് അയ്യപ്പനെ പോലൊരു ആഭാസനായ മനുഷ്യൻറെ പാത്ര ചിത്രീകരണത്തേക്കാൾ ഹ്യൂമൻ element ഈ ചിത്രത്തിനാണു ള്ളത് . (ഗോപിയുടെ പ്രകടനം മറക്കുന്നില്ല ) അയാൾക്ക്‌ ഇത്രയും ജനപ്രീതി ആവശ്യമില്ല . പക്ഷെ ഒരു വേശ്യയുടെ ജീവിതം (ജീവിതവും ) അറിയേണ്ടതുണ്ട് .

ഓരോരുത്തരുടെയും വിവരണങ്ങളിലൂടെ കുമുദം അഥവാ സൂസൻ എന്ന കഥാപാത്രത്തിന്റെ character development ജോർജ് വളരെ convincing ആയി ചിത്രീകരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ സിനിമ മെലോഡ്രാമയിലെയ്ക്ക് വഴുതുന്നുണ്ട് . Still , the film works ! സിനിമ അവസാനം സൂസനും കുമുദവും ഒരു പോലെ വ്യക്തിത്വം ഉള്ള മനുഷ്യരായിരുന്നു എന്നും അവർക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ടായിരുന്നു എന്നും സിനിമ തോന്നിപ്പിക്കുന്നുണ്ട് . (സോറി , എനിക്ക് തോന്നി. എന്ന് വച്ചാൽ മുൻപ് തോന്നിയത് ശരിയെന്ന് വീണ്ടും തോന്നി ) വേശ്യയെ ആക്ഷേപിക്കുന്ന സമൂഹം പ്രവർത്തിക്കുന്നത് ഒരു പുനരധിവാസ കേന്ദ്രം പോലെയല്ല , മറിച്ചു , തള്ളയെപ്പോലും വിൽക്കാൻ കിട്ടുമോയെന്നു ആരായുന്നൊരു പിമ്പിനെപ്പോലെയാണ് . അതാണ് ഞാൻ പറഞ്ഞു വന്ന വസ്തുത . അതാണ്‌ വസ്തുത !

ഈ സിനിമ കൂടുതൽ ആളുകൾ കാണണം എന്ന് തോന്നുന്നു . നടീ നടൻ മാർ ഡീസൻറായി അഭിനയിച്ചെന്നു തോന്നി . സസ്പെൻസ് അവസാനം വരെയും maintain ചെയതിട്ടുണ്ട്‌ . (അവസാനത്തോടുക്കുംപോൾ നമ്മുടെ ഫോക്ക സ് അതിലായിരിക്കില്ലെങ്കിലും). കണ്ടിട്ട് അഭിപ്രായം പറയുക . വളരെ കാലത്തിന് ശേഷം ഈ സിനിമ വീണ്ടും കാണാനിടയായത് എഷ്യാനെറ്റ് മൂവീസിലാണ് .

ഈ പടത്തെ കെ ജി ജോർജ് തന്നെ മറന്ന മട്ടാണ് . എന്തായാലും സാമ്പത്തിക വിജയത്തിൻറെ പേരിലായിരിക്കില്ല പിൽകാലത്ത് ഒരു കലാ സൃഷ്ടി ഓർമിക്കപ്പെടുക. മറിച്ച് ഒരു കാലഘട്ടത്തിൻറെ സാംസ്കാരിക ഉല്പന്നം എന്ന നിലയിലായിരിക്കും . അത് കൊണ്ട് പുനർ വായനകൾ ആവശ്യമുണ്ട് !!

മരിയ റോസ്