Tuesday, October 20, 2020

യവനികയും ഈ കണ്ണി കൂടിയും

ചില കഥകള്‍ മറ്റൊന്നിനോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ കൂടുതല്‍ ചില മാനങ്ങള്‍ ലഭിക്കുന്നതായി കണ്ട് വരാറുണ്ട്. കെ ജി ജോര്‍ജിന്‍റെ യവനിക [1982] യും ഈ കണ്ണി കൂടിയും [1990] ചേര്‍ത്ത് വച്ച് പഠിക്കാവുന്ന സിനിമകളാണ്. രണ്ട് സിനിമകളും രണ്ട് വ്യക്തികളുടെ മരണത്തിന് പിന്നിലെ ദുരൂഹത തിരയുന്ന കഥകളാണ്. എന്നാല്‍ മര്‍ഡര്‍ മിസ്റ്ററി എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ അവ കണ്‍സീവ് ചെയ്തിട്ടുള്ളത്. കെജി ജോര്‍ജ് തന്നെ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതാണ്, പുറത്തൊക്കെ പ്രദര്‍ശിപ്പിച്ചപ്പോള്‍ പലരും യവനികയെ ഓര്‍സന്‍ വെല്‍സിന്‍റെ സിറ്റിസന്‍ കെയ്ന്‍ എന്ന സിനിമയോട് ഉപമിച്ചു എന്ന്. അതില്‍ ഒരു കാര്യമുണ്ട്. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ ആഖ്യാനമാണ് സിറ്റിസന്‍ കെയ്ന്‍ എന്ന പോലെ യവനികയും. യവനികയില്‍ അയ്യപ്പന്‍ ഒരിക്കല്‍ പോലും സിനിമയില്‍ നേരിട്ട് അവതരിക്കുന്നില്ല, മറിച്ച് നമ്മുടെ മുന്നില്‍ കാണുന്നതെല്ലാം മറ്റുള്ളവരുടെ കാഴ്ചപ്പാടിലുള്ള അയ്യപ്പനാണ്. വ്യത്യസ്ത വ്യക്തികളുടെ കാഴ്ചപ്പാടിലുള്ള ആഖ്യാനം സാധ്യമാകും എന്നത് കൊണ്ട് തന്നെ ഒരു കുറ്റാന്വേഷണചിത്രത്തിന്‍റെ ഘടന ചിത്രത്തിലേയ്ക്ക് വന്ന് ചേരുകയാണ്.
കുറ്റാന്വേഷണ ഘടനയില്ലാതെ തന്നെ ഇത്തരം ചിത്രങ്ങള്‍ പിന്നീട് വന്നിട്ടുണ്ട് [നീയെത്ര ധന്യ, മേയ്മാസപ്പുലരിയില്‍]. എങ്കിലും എല്ലാവരുടെ കാഴ്ചപ്പാടിലും കടന്ന് വരുന്ന അയ്യപ്പന് ഒരു ഏകതാനസ്വഭാവമാണ് [One-Dimensional] സ്വഭാവമാണുള്ളത് എന്ന് കാണാം. എല്ലാവരുടെ കാഴ്ചപ്പാടിലും അയാള്‍ അസാധ്യ കലാകാരനും അതേസമയം അഭാസനും സ്ത്രീലമ്പടനും ഒക്കെയായ ആള്‍ തന്നെയാണ്. മറിച്ച് ഒരാളുടെ ആഖ്യാനം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ അയ്യപ്പന്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമായിരുന്നു. ഒരു മനുഷ്യനും വണ്‍ ഡയമെന്‍ഷണല്‍ അല്ല. കിരീടത്തിനെക്കാള്‍ ചെങ്കോലിലെ കീരിക്കാടന്‍ ജോസ് കൂടുതല്‍ ആഴമുള്ള മാനം കൈവരിക്കുന്നത് കാണാം. ആദ്യ സിനിമയില്‍ നിന്ന് വ്യത്യസ്തമായി അയാള്‍ വെറുമൊരു പേടിപ്പെടുത്തുന്ന ഗുണ്ടയല്ല. അയാള്‍ക്ക് ഭാര്യയും മകളുമുണ്ട്. അവര്‍ അയാളെ സ്നേഹിക്കുന്നുണ്ട്. അതേ സിനിമയിലെ സേതുമാധവനും പരമേശ്വരനും ഒക്കെ പൂര്‍വ സിനിമയേക്കാള്‍ ആഴമുണ്ട്. ബിഗ്ബിയില്‍ ബിലാലിനെ അവതരിപ്പിക്കുന്ന ലഘു രംഗത്തില്‍ ഇങ്ങനെ ഒരാളെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാട് കാണിക്കാന്‍ ഒരു ശ്രമമുണ്ട്.
കള്‍ട്ട് സ്റ്റാറ്റസ് നേടിയ യവനികയ്ക്ക് പത്ത് വര്‍ഷങ്ങളോളം ശേഷം ചെയ്തത് ആണെങ്കിലും ഈ കണ്ണി കൂടി ആഖ്യാനത്തില്‍ യവനികയോളം പുതുമയൊന്നും പ്രകടിപ്പിക്കുന്നില്ല. എങ്കിലും പ്രമേയപരമായി വളരെ ധീരമായ ഒരു സിനിമയാണത്. യവനിക അയ്യപ്പന്‍ എന്ന 'വേട്ടക്കാരന്‍റെ' കഥയാണ്‌ എങ്കില്‍ ഈ കണ്ണികൂടി സൂസന്‍ എന്ന 'ഇര'യുടെ കഥയാണ്‌. ഒരേ കലാകാരന്‍ നടത്തുന്ന അക്രമിയുടെയും ഇരയുടെയും പാത്ര പഠനങ്ങളാണ് ഇരുചിത്രങ്ങളും . കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷത്തിലെ സ്ത്രീപുരുഷജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് സിനിമകളും ചേര്‍ത്ത് കാണേണ്ടതുണ്ട്. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സൂസന്‍ /കുമുദം എന്ന വേശ്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ കണ്ണി കൂടി. ഒരു മധ്യ വര്‍ഗ കുടുംബത്തില്‍ അച്ഛന്‍റെയും അമ്മയുടെയും ഒറ്റ മകളായി ജനിച്ചു വളര്‍ന്ന സൂസന്‍ എന്ന പെണ്‍കുട്ടി വിവിധ സാഹചര്യങ്ങളിലൂടെ കടന്ന് പോയി ഒരു വേശ്യയായി മാറുന്നത് അല്ലെങ്കില്‍ മാറ്റിയെടുക്കപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. ഒരു സ്ത്രീയുടെ ജീവിതത്തിന്‍മേല്‍ കുടുംബത്തിന്‍റെ സമൂഹത്തിന്‍റെ പുരുഷാധിപത്യ വ്യവസ്ഥയുടെ ഇടപെടല്‍ ഇങ്ങനെയുടെ നിരീക്ഷണങ്ങള്‍ സിനിമയില്‍ നിന്ന് സാധ്യമാകുന്നുണ്ട്. അയ്യപ്പനെ അവതരിപ്പിക്കുന്നത് പോലെ വിവിധ വ്യക്തികളിലൂടെ മാത്രമേ സൂസന്‍ നമ്മുടെ മുന്നില്‍ വരുന്നുള്ളൂ. അയ്യപ്പനെക്കാള്‍ ആഴമുള്ള മാനം സൂസന് / കുമുദത്തിന് ലഭിക്കുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ കെജി ജോര്‍ജിന്‍റെ ഗുണം അദ്ദേഹം മുന്‍വിധിയോടെ കഥാപാത്രങ്ങളെ സമീപിക്കുന്നില്ല എന്നതാണ് . കുമുദത്തിന്‍റെ ജഡം ആദ്യം കണ്ടെത്തിയിരുന്ന ശിവജിയുടെ മൊഴിയില്‍ നിന്ന് അവരുടെ സ്വഭാവത്തെക്കുറിച്ച്, അവരുടെ താല്‍പര്യങ്ങളെക്കുറിച്ച് സൂചനയുണ്ട്. കല, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്കുള്ള അറിവ് എന്നിങ്ങനെ. ഒരു വേശ്യയും ഒരു മനുഷ്യജീവിയാണ് എന്ന പ്രേക്ഷകര്‍ക്ക് സിനിമ തോന്നിപ്പിക്കുന്നുണ്ട്. ഒരു വില്ലനസ് ആയ കഥാപാത്രത്തെപ്പോലും ജോര്‍ജ് അവതരിപ്പിക്കുന്നത് അയാള്‍ വില്ലനാണ് എന്ന പതിവ് മുന്‍ ധാരണകളോടെയല്ല .
ക്രാഫ്റ്റ് കൊണ്ട് യവനികയാണ് മുന്നിട്ട് നില്‍ക്കുന്നത് എന്നാണ് എന്‍റെ അഭിപ്രായം. എന്നാല്‍ പ്രമേയം കൊണ്ട് യവനികയെക്കാള്‍ ശ്രദ്ധേയമായത് ഈ കണ്ണി കൂടിയാണ്. പ്രത്യേകിച്ചും ഇരയായി മാറുന്ന, വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന സ്ത്രീകളുടെ ജീവിതങ്ങളെക്കുറിച്ച്എന്നും നമ്മള്‍ കേട്ട് കൊണ്ടിരിക്കുമ്പോള്‍. വേശ്യകളുടെ ആതിഥ്യം കഴിഞ്ഞിറങ്ങുന്നവര്‍ പോലും "വെടി"കളായി വിലയിരുത്തുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. അയ്യപ്പന്‍ ഉണ്ടാകുന്നത് എങ്ങനെ ? എന്ന് യവനിക പറയുന്നുണ്ടോ എന്നറിയില്ല , പക്ഷെ സൂസന്‍ കുമുദമാകുന്നത് എങ്ങനെ എന്ന് ഈ കണ്ണി കൂടി എന്ന സിനിമ പറയുന്നുണ്ട്. അതാണ്‌ ആ സിനിമയുടെ പ്രത്യേകതയും.